Friday, June 22, 2012

വായനാദിനം കൂടി....



വായിച്ചാലും വളരും,
വായിച്ചില്ലേലും വളരും.
വായിച്ചു വളര്‍ന്നാല്‍ വിളയും,
വായിക്കാതെ വളര്‍ന്നാല്‍ വളയും.”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ വാക്കുകള്‍ ഇന്നും മലയാളി (മലയാളത്തെ സ്നേഹിക്കുന്നവന്‍ എന്നിവിടെ അര്‍ത്ഥം) മനസ്സില്‍ കൊണ്ട് നടക്കുന്നു. ആ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുന്നു.

വായിക്കുമ്പോള്‍ നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകയാണ്. വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന, കാലത്തെ അതിജീവിച്ച് നിലകൊളളുന്നു. വായന മരിക്കുന്നു എന്ന മുറവിളിയ്ക്ക് അടിസ്ഥാനമില്ലാതെയായിരിക്കുന്നു.


ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും ന്യൂസ് പേപ്പറുകള്‍ മുതല്‍ സിഡി റോമുകള്‍ വരെ ലഭ്യമായിരിക്കുന്നു. ഇതിനെല്ലാം പുറമെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയ്ലുകളും ഒപ്പം മോണിറ്ററില്‍ അക്ഷരങ്ങളുടെ വസന്തം തീര്‍ക്കുന്ന ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. വായന ഇപ്പോള്‍ ഇ പതിപ്പില്‍ എത്തിനില്‍ക്കുന്നു എന്ന പറയുമ്പോള്‍ അതു സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. പേപ്പറില്‍നിന്നു മോണിറ്ററിലേക്ക് വായന ചേക്കേറി എന്നു പറയുന്നതാവും ശരി.


പഴയ വായനശാലകള്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുളള ആധുനിക സാങ്കേതിക വിദ്യയുടെ തേരേറി പുതുമുഖമണിഞ്ഞിരിക്കുന്നു. വായന ഓരോകാലത്തും പുതിയ പുതിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. വായനക്കാരുടെ എണ്ണം കൂടുമ്പോഴും വിഷയങ്ങളും മാറുകയാണ്. പണ്ട് സാഹിത്യവും പഠ്യവിഷയങ്ങളും മാത്രമാണ് വായനയ്ക്കായി ലഭ്യമായതെങ്കില്‍ ഇന്ന് ശാസ്ത്രം, ജ്യോതിഷം, യാത്രാവിവരണങ്ങള്‍, പാചകക്കുറിപ്പ് തുടങ്ങിയ വിഷയങ്ങള്‍ അക്ഷരക്കൂട്ടുകളില്‍ കൂടുതല്‍ അനുഭവഭേദ്യമായി തീര്‍ന്നിരിക്കുന്നു. വായന ഒരുക്കുന്നതു വളരാനുളള മണ്ണാണ്. വായിച്ചും ചിന്തിച്ചും വളരുന്ന ഇന്നത്തെ തലമുറ പരസ്പരം പറയുന്നു അക്ഷരങ്ങള്‍ മരിക്കുന്നില്ല, ഒപ്പം വായനയും...
Oduvil Unnikrishnan ||മെയ് 27- മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ആറാം ചരമവാര്‍ഷികം.....!!