Wednesday, August 29, 2012




ഓണം...
പൂക്കളായി ഓര്‍മ്മകള്‍ നിറമണിഞ്ഞു വിരിയുന്ന വസന്തം....
ആ ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളമൊരുക്കാന്‍, ആ കളങ്ങളില്‍ നിറമേഴും പകരാന്‍...
ആ നിറങ്ങളില്‍ മനസ്സിനെ കൊരുക്കാന്‍... ഓര്‍മ്മകളില്‍ ഗൃഹാതുരത നിറയ്ക്കാന്‍...,തൃക്കാക്കര തേവര്‍ക്ക്‌ ഒരു...
നുള്ള് നിവേദ്യം പകരാന്‍ .........
ഒരു പൊന്നോണം കൂടി....

ഓണവെയില്‍ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കുന്നു...
പൂക്കള്‍ ചിരിക്കുന്നു, കിന്നാരം പറയുന്നു, പരസ്പരം തല്ലുകൂടുന്നു...
പ്രഹ്ലാദപൗത്രനെ വരവേല്‍ക്കേണ്ടതോര്‍ത്ത് ഇടയ്ക്ക് ലജ്ജയോടെ തല താഴ്ത്തുന്നു...
അതിനായി ഓരോ ചെടിയും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു..
ഹരിതാഭമായ വയലേലകള്‍ നിറയെ പേരറിയുന്നതും അറിയാത്തതുമായ എത്രെത്ര കിളികള്‍....
മണ്ണിലെ പച്ചയും വിണ്ണിലെ നീലയും ചേര്‍ന്ന് പകലില്‍ മനസ്സ് കുളിര്‍കോരുന്നു...
ഓണനിലാവിന്‍റെ നിര്‍മ്മലത രാവില്‍ മനസ്സിനെ ആര്‍ദ്രമാക്കുന്നു....
ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്തവരാരുണ്ട്...

വയലും, തെളിനീരൊഴുകുന്ന പുഴകളും, ചെറിയ ചെറിയ കുളങ്ങളും...
തുമ്പയും, തുമ്പിയും, കൊറ്റിയും, പിന്നെ ചിറകടിച്ചുയരുന്ന പ്രാവുകളും
ഓര്‍മ്മകളില്‍ കൂടുകൂട്ടുമ്പോള്‍ ആ നഷ്ടങ്ങള്‍ ഇനി തിരിച്ചു കിട്ടുമോ...

കൂട്ടം കൂടി നടന്ന കൂട്ടുകാരും, കുസൃതിയാല്‍ പരസ്പരം ചെളിവാരിയെറിഞ്ഞ നാളുകളും...
അതിനു കിട്ടുന്ന തല്ലിന്‍റെ വേദന പങ്കു വച്ച നിമിഷങ്ങളും...
ഓര്‍മ്മകളിലിന്നു നിറയുമ്പോള്‍ അറിയാതൊരു ചെറു പുഞ്ചിരി ചുണ്ടില്‍ ഒരു ഓണപൂ പോലെ....

ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നില്ലേ... പൂക്കള്‍ പറിക്കാനായി വേലികള്‍ ചാടിക്കടന്ന്, കുറ്റിക്കാടുകള്‍
അരിച്ചുപെറുക്കി, പൂക്കൂടയുമായി ഓടിയ നാളുകള്‍....
എനിക്കേറെ, എനിക്കേറെ എന്ന് മത്സരിക്കുമ്പോഴും അവസാനം എല്ലാം കൂടി പങ്കിട്ടതും...
ഒരുമിച്ച് പൂക്കളമിട്ടതും, നീയാ നന്നായിടുന്നത് നീയിട്ടാല്‍ മതിയെന്ന് പറഞ്ഞതും... കേട്ടതും... ഒരുമിച്ചിട്ടതും...
അതിലെ സ്നേഹവും നിഷ്കളങ്കതയും ഇന്നും മറക്കാനാകുമോ... ഒന്ന് കൂടി തിരിച്ചു കിട്ടിയെങ്കില്‍....

ഇറുത്തെടുത്തിട്ടും, ഇതളുകളായി വേര്‍പെടുത്തിയിട്ടും ഇന്നുമാ പൂക്കള്‍ ചിരിക്കുന്നു...
ജീവന്‍ വേര്‍പെടുമ്പോഴും നിന്‍റെ കണ്ണുകള്‍ക്ക് ആനന്ദം പകരുമെങ്കില്‍...
ആ ആനന്ദം ഈ മുറ്റത്തേക്ക് പ്രജാതത്പരനെ എത്തിക്കുമെങ്കില്‍ പുഞ്ചിരിച്ചു
നില്‍ക്കുന്ന ഞങ്ങളെ കാണാന്‍, ആ സന്തോഷത്താല്‍
നിനക്കനുഗ്രഹവര്‍ഷം ചൊരിയുമെങ്കില്‍ അതിനായി പ്രാര്‍ഥിച്ചു കൊണ്ട്....

ഓര്‍മകളും മനസ്സും ഒരിക്കലും മുഴുവനായും പങ്കുവയ്ക്കാനാകില്ലെങ്കിലും...
ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ, നന്മയുടെ, ഒരു ഓണത്തെ വരവേല്‍ക്കാന്‍....
ഏവര്‍ക്കും ഹൃദ്യമായ ഓണം ആശംസകള്‍...
 
........................................................                                                      ....................................................
                                                        ***************************

Friday, June 22, 2012

വായനാദിനം കൂടി....



വായിച്ചാലും വളരും,
വായിച്ചില്ലേലും വളരും.
വായിച്ചു വളര്‍ന്നാല്‍ വിളയും,
വായിക്കാതെ വളര്‍ന്നാല്‍ വളയും.”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ വാക്കുകള്‍ ഇന്നും മലയാളി (മലയാളത്തെ സ്നേഹിക്കുന്നവന്‍ എന്നിവിടെ അര്‍ത്ഥം) മനസ്സില്‍ കൊണ്ട് നടക്കുന്നു. ആ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുന്നു.

വായിക്കുമ്പോള്‍ നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകയാണ്. വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന, കാലത്തെ അതിജീവിച്ച് നിലകൊളളുന്നു. വായന മരിക്കുന്നു എന്ന മുറവിളിയ്ക്ക് അടിസ്ഥാനമില്ലാതെയായിരിക്കുന്നു.


ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും ന്യൂസ് പേപ്പറുകള്‍ മുതല്‍ സിഡി റോമുകള്‍ വരെ ലഭ്യമായിരിക്കുന്നു. ഇതിനെല്ലാം പുറമെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയ്ലുകളും ഒപ്പം മോണിറ്ററില്‍ അക്ഷരങ്ങളുടെ വസന്തം തീര്‍ക്കുന്ന ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. വായന ഇപ്പോള്‍ ഇ പതിപ്പില്‍ എത്തിനില്‍ക്കുന്നു എന്ന പറയുമ്പോള്‍ അതു സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. പേപ്പറില്‍നിന്നു മോണിറ്ററിലേക്ക് വായന ചേക്കേറി എന്നു പറയുന്നതാവും ശരി.


പഴയ വായനശാലകള്‍ ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുളള ആധുനിക സാങ്കേതിക വിദ്യയുടെ തേരേറി പുതുമുഖമണിഞ്ഞിരിക്കുന്നു. വായന ഓരോകാലത്തും പുതിയ പുതിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. വായനക്കാരുടെ എണ്ണം കൂടുമ്പോഴും വിഷയങ്ങളും മാറുകയാണ്. പണ്ട് സാഹിത്യവും പഠ്യവിഷയങ്ങളും മാത്രമാണ് വായനയ്ക്കായി ലഭ്യമായതെങ്കില്‍ ഇന്ന് ശാസ്ത്രം, ജ്യോതിഷം, യാത്രാവിവരണങ്ങള്‍, പാചകക്കുറിപ്പ് തുടങ്ങിയ വിഷയങ്ങള്‍ അക്ഷരക്കൂട്ടുകളില്‍ കൂടുതല്‍ അനുഭവഭേദ്യമായി തീര്‍ന്നിരിക്കുന്നു. വായന ഒരുക്കുന്നതു വളരാനുളള മണ്ണാണ്. വായിച്ചും ചിന്തിച്ചും വളരുന്ന ഇന്നത്തെ തലമുറ പരസ്പരം പറയുന്നു അക്ഷരങ്ങള്‍ മരിക്കുന്നില്ല, ഒപ്പം വായനയും...
Oduvil Unnikrishnan ||മെയ് 27- മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ആറാം ചരമവാര്‍ഷികം.....!!